വിശുദ്ധ ജപമാല • അൻപത്തിമൂന്നുമണി ജപം

സന്തോഷ രഹസ്യങ്ങൾ

തിങ്കൾ & ശനി ദിവസങ്ങളിൽ ചൊല്ലേണ്ടത് • 5 രഹസ്യ ധ്യാനങ്ങൾ

രഹസ്യങ്ങൾ തിരഞ്ഞെടുക്കുക

സന്തോഷ രഹസ്യങ്ങൾ

ഈ രഹസ്യത്തിലെ 5 ധ്യാന വിഷയങ്ങളും ആത്മീയ ഫലങ്ങളും

5 രഹസ്യങ്ങൾ
ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ച് പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ പരി. കന്യകാമറിയത്തെ അറിയിച്ച രഹസ്യം
രഹസ്യം 1

ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ച് പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ പരി. കന്യകാമറിയത്തെ അറിയിച്ച രഹസ്യം

തിരുവചന ധ്യാനം
"ദൈവപുത്രനായ ഈശോമിശിഹായെ ഗർഭംധരിച്ച് പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ പരി. കന്യകാമറിയത്തെ അറിയിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം. പ്രാർത്ഥന: മാതാവേ, അങ്ങ് ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങിയതുപോലെ, ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സ് നിറവേറ്റുവാൻ സഹായിക്കണമേ."
ആത്മീയ ഫലം:ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങൽ / വിനയം
പരിശുദ്ധ കന്യകാമറിയം ഏലീശ്വാമ്മയെ സന്ദർശിച്ച് മൂന്നുമാസം ശുശ്രൂഷ ചെയ്ത രഹസ്യം
രഹസ്യം 2

പരിശുദ്ധ കന്യകാമറിയം ഏലീശ്വാമ്മയെ സന്ദർശിച്ച് മൂന്നുമാസം ശുശ്രൂഷ ചെയ്ത രഹസ്യം

ഉണ്ണീശോ ബെത്‌ലഹേമിലെ പുൽത്തൊട്ടിയിൽ ജനിച്ച രഹസ്യം
രഹസ്യം 3

ഉണ്ണീശോ ബെത്‌ലഹേമിലെ പുൽത്തൊട്ടിയിൽ ജനിച്ച രഹസ്യം

ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ചയർപ്പിച്ച രഹസ്യം
രഹസ്യം 4

ഉണ്ണീശോയെ ദൈവാലയത്തിൽ കാഴ്ചയർപ്പിച്ച രഹസ്യം

കാണാതായ ഉണ്ണീശോയെ മൂന്നാം നാൾ ദൈവാലയത്തിൽ കണ്ടെത്തിയ രഹസ്യം
രഹസ്യം 5

കാണാതായ ഉണ്ണീശോയെ മൂന്നാം നാൾ ദൈവാലയത്തിൽ കണ്ടെത്തിയ രഹസ്യം

ജപമാലയിലെ പ്രധാന പ്രാർത്ഥനകൾ

ജപമാല ചൊല്ലുമ്പോൾ അനുക്രമമായി ചൊല്ലേണ്ട പ്രാർത്ഥനകൾ

11 പ്രാർത്ഥനകൾ
1

കുരിശടയാളം

ആരംഭത്തിലും സമാപനത്തിലും

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.

2

ആരംഭ പ്രാർത്ഥന

ജപമാലയുടെ ആരംഭത്തിൽ

അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര, കർത്താവേ, നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന ഞങ്ങൾ അതിരില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യുവാൻ യോഗ്യതയില്ലാത്തവരായിരിക്കുന്നുവെങ്കിലും നിന്റെ അതിരില്ലാത്ത ദയയിൽ ശരണപ്പെട്ടു കൊണ്ട് പരിശുദ്ധ ദൈവമാതാവിന് സ്തുതിയായിട്ട് അമ്പത്തിമൂന്നുമണി ജപം ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഈ ജപം ഭക്തിയോടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ നീ സഹായിക്കണമേ.

3

വിശ്വാസപ്രമാണം

കുരിശിൽ തൊട്ട്

സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ നിന്നു പിറന്നു. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച്, കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു; പാതാളത്തിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം നാൾ ഉയിർത്തു; സ്വർഗ്ഗത്തിലെക്കെഴുന്നള്ളി, സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.

4

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

വലിയ മണികളിൽ

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് തരണമേ. ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. ആമേൻ.

5

ആരംഭ നന്മനിറഞ്ഞ മറിയമേ (3 പുണ്യങ്ങൾക്കായി)

ആദ്യത്തെ 3 ചെറിയ മണികളിൽ

1. ദൈവവിശ്വാസം: പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യം ഫലവത്തായിത്തീരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 2. ദൈവശരണം: പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ ദൈവശരണമെന്ന പുണ്യത്തിൽ വളരുവാനായി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 3. ദൈവസ്നേഹം: പരിശുദ്ധാത്മാവായ ദൈവത്തിന്റെ എത്രയും പ്രിയമുള്ള മണവാട്ടിയായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യം വർദ്ധിക്കുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

6

നന്മനിറഞ്ഞ മറിയമേ

10 ചെറിയ മണികളിൽ

നന്മനിറഞ്ഞ മറിയമേ, സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ.

7

ത്രീത്വസ്തുതി

ഓരോ രഹസ്യത്തിന്റെയും അവസാനം

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും. ആമേൻ.

8

ഫാത്തിമാ പ്രാർത്ഥന

ത്രീത്വസ്തുതിക്ക് ശേഷം

ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമേ. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും, വിശിഷ്യാ അങ്ങേ കരുണ കൂടുതൽ ആവശ്യമുള്ള ആത്മാക്കളെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ. ആമേൻ.

9

മാതാവിന്റെ ലുത്തിനിയ

സമാപന ലുത്തിനിയ

മാതാവിന്റെ ലുത്തിനിയ കർത്താവേ, അനുഗ്രഹിക്കണമേ (2) മിശിഹായെ, അനുഗ്രഹിക്കണമേ (2) കർത്താവേ, അനുഗ്രഹിക്കണമേ (2) മിശിഹായെ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ (2) സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ - ഞങ്ങളെ അനുഗ്രഹിക്കണമേ ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ - ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവായ ദൈവമേ - ഞങ്ങളെ അനുഗ്രഹിക്കണമേ ഏകദൈവമായ പരിശുദ്ധത്രിത്വമേ - ഞങ്ങളെ അനുഗ്രഹിക്കണമേ പരിശുദ്ധ മറിയമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ദൈവത്തിന്റെ പരിശുദ്ധ ജനനീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മിശിഹായുടെ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ദൈവവരപ്രസാദത്തിന്റെ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഏറ്റം നിർമ്മലയായ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അത്യന്ത വിരക്തിയുള്ള മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കളങ്കമറ്റ കന്യകയായ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കന്യാവ്രതത്തിനു ഭംഗം വരാത്ത മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സ്നേഹിക്കപ്പെടുവാൻ ഏറ്റം യോഗ്യയായ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അത്ഭുതത്തിനു വിഷയമായ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സദുപദേശത്തിന്റെ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സ്രഷ്ടാവിന്റെ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ രക്ഷകന്റെ മാതാവേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഏറ്റം വിവേകമതിയായ കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സ്തുതിക്കപ്പെടുവാൻ ഏറ്റം യോഗ്യയായ കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മഹാവല്ലഭയായ കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ദയാപൂർണ്ണയായ കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഏറ്റം വിശ്വസ്തയായ കന്യകേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നീതിയുടെ ദർപ്പണമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ ആനന്ദത്തിന്റെ കാരണമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആത്മജ്ഞാന പൂരിതമായ പാത്രമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ബഹുമാനത്തിന് പാത്രമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അത്ഭുത ഭക്തിയുടെ വിശിഷ്ട പാത്രമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ദിവ്യരഹസ്യം ഉൾക്കൊള്ളുന്ന റോസാപുഷ്പമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ദാവീദിന്റെ ഗോപുരമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ നിർമ്മല ദന്തഗോപുരമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സ്വർണ്ണാലയമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വാഗ്ദാനത്തിന്റെ പേടകമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സ്വർഗ്ഗത്തിന്റെ വാതിലേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഉഷഃകാല നക്ഷത്രമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ രോഗികളുടെ ആരോഗ്യമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പാപികളുടെ സങ്കേതമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പീഡിതരുടെ ആശ്വാസമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ക്രിസ്ത്യാനികളുടെ സഹായമേ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മാലാഖമാരുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പൂർവ്വപിതാക്കന്മാരുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പ്രവാചകന്മാരുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ശ്ലീഹന്മാരുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വേദസാക്ഷികളുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ വന്ദകന്മാരുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കന്യകകളുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സകല വിശുദ്ധരുടെയും രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമലോത്ഭവയായ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സ്വർഗ്ഗാരോപിതയായ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ പരിശുദ്ധ ജപമാലയുടെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സമാധാനത്തിന്റെ രാജ്ഞീ - ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഭൂലോക പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. ഭൂലോക പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ. ഭൂലോക പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. സർവ്വേശ്വരന്റെ പുണ്യപൂർണ്ണമായ മാതാവേ, ഇതാ, ഞങ്ങൾ നിന്നിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ, സകല ആപത്തുകളിൽനിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ. ല: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ. ഉ: സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പ്രാർത്ഥിക്കാം: കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കൺപാർക്കണമേ; നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെയും ഉപദ്രവങ്ങളിൽ നിന്നു രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്ക് തരേണമേ. ആമ്മേൻ.

10

പരിശുദ്ധ രാജ്ഞീ (Salve Regina)

ജപമാലയുടെ സമാപനത്തിൽ

പരിശുദ്ധ രാജ്ഞീ, കരുണയുള്ള മാതാവേ! സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയിൽ നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരേണമേ. ഏറ്റവും കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേൻ. ല: ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ, ഉ: സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. പ്രാർത്ഥിക്കാം: സർവ്വശക്തനും നിത്യനുമായ സർവ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താൽ അങ്ങേ ദിവ്യപുത്രനു യോഗ്യമായ പീഠമായിരിപ്പാൻ ആദിയിൽ അങ്ങ് നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങൾ അവളുടെ ശക്തിയുള്ള അപേക്ഷകളാൽ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപ്പെടുവാൻ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കർത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങൾക്ക് തരേണമേ. ആമ്മേൻ.

11

എത്രയും ദയയുള്ള മാതാവേ

സമാപന മദ്ധ്യസ്ഥ പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തിൽ ഓടിവന്ന്, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തിൽ കേട്ടിട്ടില്ല എന്ന് ഓർക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞീ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ശരണപ്പെട്ട്, അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. നെടുവീർപ്പോടും കണ്ണുനീരോടും കൂടെ പാപിയായ ഞാൻ അങ്ങേ ദയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ട് അങ്ങേ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ. ആമ്മേൻ.

53 മണി ജപം • ഇന്ററാക്ടീവ് ബീഡ് കൗണ്ടർ

ജപമാല ചൊല്ലുവാൻ തയ്യാറാണോ?

ഓരോ മണിയും സ്പർശിച്ച് പ്രാർത്ഥനകൾ അനുസ്മരിക്കാം, വിറയ്ക്കൽ/ഓഡിയോ സഹായത്തോടെ 5 രഹസ്യങ്ങളും പൂർത്തിയാക്കാം.